agnipath vayu


 

വ്യോമസേനയിൽ അഗ്നിവീർ തിരഞ്ഞെടുപ്പിനുള്ള സെലക്ഷൻ ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. നാലു വർഷത്തേക്കായാണ് നിയമനം നടത്തുക. തിരഞ്ഞെടുക്കപ്പെടുന്നവരിൽ നിന്ന് 25 ശതമാനം പേരെ പിന്നീട് സ്ഥിരനിയമനത്തിനായി പരിഗണിക്കും.

 

യോഗ്യത: 50 ശതമാനം മാർക്കോടെയുള്ള പന്ത്രണ്ടാം ക്ലാസ്സ് വിജയമാണ് അടിസ്ഥാനയോഗ്യത. ഇംഗ്ലീഷ് വിഷയത്തിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും അല്ലാത്തവർക്കും അപേക്ഷിക്കം. 50 ശതമാനം മാർക്കിൽ കുറയാതെ മൂന്നു വർഷ എൻജിനീയറിങ് ഡിപ്ലോമ നേടിയവർക്കും വൊക്കേഷണൽ കോഴ്‌സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. ഇവർ പത്താം ക്ലാസ്സിൽ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

 

ശാരീരിക യോഗ്യത: പുരുഷന്മാർക്ക് കുറഞ്ഞത് 152.5 സെ.മീ, വനിതകൾക്ക് 152 സെ.മീ, ഉയരമുണ്ടായിരിക്കണം. ഉയരത്തിനും പ്രായത്തിനും ആനുപാതികമായ ഭാരം, നെഞ്ചളവിൽ 5 സെ.മീ വികാസം, മികച്ച കാഴ്‌ച – കേൾ‌വിശേഷി എന്നിവയുണ്ടായിരിക്കണം.

 

ശമ്പളം: അഗ്‌നിവീറായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യ വർഷം 30,000 രൂപയും അടുത്ത മൂന്ന് വർഷങ്ങളിൽ 33,000 രൂപ, 36,500 രൂപ, 40,000 രൂപ എന്നിങ്ങനെയുമായിരിക്കും പ്രതിമാസവേതനം ലഭിക്കുക.

ഇതിൽ നിന്ന് നിശ്‌ചിത തുക അഗ്നിവീർ കോർപ്പസ് ഫണ്ടിലേക്ക് വകയിരുത്തും. നാലു വർഷത്തിനു ശേഷം സേനയിൽ നിന്ന് പിരിയുന്നവർക്ക് ഏകദേശം 10.04 ലക്ഷം രൂപ സേവാ നിധി പാക്കേജായി നൽ‌കും.

 

പ്രായം: പതിനേഴര – 21 വയസ്സ്. അപേക്ഷകർ 2002 ഡിസംബർ 26 – നും 2006 ജൂൺ 26 – നും മധ്യേ (രണ്ടു തീയതികളും ഉൾപ്പെടെ) ജനിച്ചവരായിരിക്കണം.

 

തിരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

 

പരീക്ഷ:

മേയ് 20 മുതലായിരിക്കും പരീക്ഷകൾ നടത്തുക. പരീക്ഷാകേന്ദ്രം അപേക്ഷാ സമർപ്പണ വേളയിൽ തിരഞ്ഞെടുക്കാവുന്നതാണ്.

 

സയൻസ് വിഷയം പഠിച്ചവർക്കും സയൻസിതരവിഷയക്കർക്കും വെവ്വേറെ പരീക്ഷകളായിരിക്കും ഉണ്ടായിരിക്കുക. ശരിയുത്തരത്തിന് ഒരു മാർക്കും തെറ്റുത്തരത്തിന് 0.25 നെഗറ്റീവ് മാർക്കും ഉണ്ടായിരിക്കും.

വിശദമായ സിലബസ്, മാതൃകാചോദ്യങ്ങൾ എന്നിവ www.agnipathvayu.cdac.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

1.6 കി.മീ. ഓട്ടം, പുഷ്-അപ്, സിറ്റ്-അപ്, സ്ക്വാട്ട് എന്നിവയുൾപ്പെടുന്നതായിരിക്കും ശാരീരികക്ഷമതാ പരീക്ഷ. വനിതകൾക്ക് പുഷ്-അപ് ഉണ്ടായിരിക്കില്ല.  

 

അപേക്ഷ: www.agnipathvayu.cdac.in എന്ന വെബ്സൈറ്റ് വഴി മാർച്ച് 17 മുതൽ രജിസ്റ്റർ ചെയ്യാം. യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ഫോട്ടോ, ഒപ്പ്, വിരലടയാളം, രക്ഷിതാവിന്റെ ഒപ്പ് (18 വയസ്സ് തികയാത്തവർ) എന്നിവ അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. അപേക്ഷാ ഫീസ് 250 രൂപ ഓൺലൈനായി അടയ്‌ക്കാം. വിശദവിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാകും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2023 മാർച്ച് 31

 

Keywords: agnipathvayu.cdac.in, agniveer, agnipath