പി.എസ്.സി.യിൽ ഒറ്റത്തവണ രജിസ്ടേഷൻ നടത്തുന്നവർ ആറുമാസത്തിനകം എടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യണമെന്ന വ്യവസ്ഥ കർശനമാക്കുന്നു. 

പുതുതായി രജിസ്ട്രേഷൻ നടത്തുന്നവരാണ് ആറു മാസത്തിനകമെടുത്ത ഫോട്ടോ അപ്‌ലോഡ് ചെയ്യേണ്ടത്. 2022 ജനുവരി 1 മുതൽ ഇക്കാര്യം പ്രത്യേകം നിരീക്ഷിക്കും.

ആറുമാസത്തിനകമെടുത്ത ഫോട്ടോ വൺ‌ടൈം പ്രൊഫൈൽ തുടങ്ങുമ്പോൾ ഉപയോഗിക്കണമെന്ന വ്യവസ്ഥ നിലവിലുണ്ട്. എന്നാൽ ഭൂരിഭാഗം പേരും ഇത് കർശനമായി പാലിക്കുന്നില്ലെന്ന് പി.എസ്.സി. കണ്ടെത്തിയിരുന്നു.

പഴക്കമുള്ള ഫോട്ടോകൾ രേഖാപരിശോധനയ്‌ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പി.എസ്.സി. പറയുന്നു.


എന്നാൽ നിലവിൽ രജിസ്ട്രേഷൻ പ്രൊഫൈലുള്ളവർക്ക് ഈ വ്യവസ്ഥ ബാധകമല്ല.

ഒരിക്കൽ പി.എസ്.സി. ഒറ്റത്തവണ രജിസ്ടേഷനിൽ ഉൾപ്പെടുത്തിയ ഫോട്ടോയ്‌ക്ക് 10 വർഷം കാലാവധി അനുവദിക്കുന്നുമുണ്ട്. ആ വ്യവസ്ഥയിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അധികൃതർ അറിയിച്ചു.

 

പി.എസ്.സി. യുടെ പ്രൊഫൈൽ ഫോട്ടോ കൃത്യമായ ഇടവേളകളിൽ മാറ്റണം ?

പി.എസ്.സി. പ്രൊഫൈലിൽ നൽ‌കുന്ന ഫോട്ടോ കൃത്യമായ ഇടവേളകളിൽ മാറ്റണമെന്നില്ല. എന്നാൽ കൂടുതൽ രൂപമാറ്റം സംഭവിക്കുന്നപക്ഷം ഫോട്ടോ മാറ്റാവുന്നതാണ്.

രണ്ടോ മൂന്നോ വർഷം കൂടുമ്പോൾ പേരും ഫോട്ടോ എടുത്ത തീയതിയും ഉൾപ്പെടുത്തിയ ഫോട്ടോ പ്രൊഫൈലിൽ മാറ്റി നൽകുന്നത് ഉചിതമായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യണമെന്ന് നിർബന്ധമില്ല.

 

അതേ സമയം പി.എസ്.സി.യുടെ ഓരോ വിജ്ഞാപനത്തിന്റെയും ആമുഖമായി ഏത് തീയതിക്കു ശേഷം എടുത്ത ഫോട്ടോ ആയിരിക്കണം ഒറ്റത്തവണ രജിസ്ട്രേഷനിൽ ഉപയോഗിക്കേണ്ടത് എന്ന് പറയുന്നുണ്ട്.

2021 ഡിസംബറിലെ വിജ്ഞാപനത്തിൽ 31-12-2011 ന് ശേഷം എടുത്ത ഫോട്ടോ ആയിരിക്കണമെന്ന് നിഷ്‌കർഷിച്ചിട്ടുണ്ട്.  അപേക്ഷാർത്ഥികൾ ആ നിബന്ധന പാലിച്ചിരിക്കുകയും വേണം. നിലവിൽ പ്രൊഫൈലിൽ 31-12-2021 ന് മുൻപ് എടുത്ത ഫോട്ടോ ഉപയോഗിക്കുന്നവർ ജനുവരി 1 ന് മുൻപായി പുതിയ ഫോട്ടോ ചേർക്കേണ്ടതാണ്.


Keywords: kerala psc, psc kerala, psc photo change, how to change photo in psc profile, psc one time registration, psc one time registration photo taken within six months is mandatory