സംസ്ഥാന സർക്കാർ ജോലികളില‌ും പൊത‌ുമേഖലാ സ്ഥാപനങ്ങളില‌ും സാമ്പത്തിക സംവരണം 2020 ഒക്ടോബർ 23 മ‌ുതൽ പ്രാബലത്തിൽ വന്ന‌ു. 

സംവരണം നടപ്പിലാക്ക‌ുന്നതിന് കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവ്വീസസ് റ‌ൂൾ (കെ.എസ്.ആൻഡ് എസ്.എസ്.ആർ) ഭേദഗതി വര‌ുത്തിക്കൊണ്ട‌ുള്ള വിജ്ഞാപനം ഒക്ടോബർ 23 ന് പ്രസിദ്ധീകരിച്ചിര‌ുന്ന‌ു. 103-)ം ഭരണഘടനാ  ഭേദഗതിയില‌ൂടെയാണ് ഇത് നടപ്പാക്ക‌ുന്നത്. 

ഈ വിജ്ഞാപനമന‌ുസരിച്ച് നിയമന ശ‌ുപാർശകൾ ആരംഭിക്ക‌ുന്നതിന‌ുള്ള നടപടിക്രമം പി.എസ്.സിയ‌ും ബന്ധപ്പെട്ട ഏജൻസികള‌ും തയ്യാറാക്ക‌ും.

നിലവിൽ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സാമ്പത്തിക സംവരണം ക‌ൂടി ഉൾപ്പെട‌ുത്തിയാണ് നിയമനങ്ങൾ നടത്ത‌ുന്നത്. 


ഏതൊര‌ു സംവരണങ്ങൾക്ക‌ും അവകാശമില്ലാത്ത മ‌ുന്നോക്ക സമ‌ുദായങ്ങളിൽ (ക്രിസ്ത്യൻ, ഹിന്ദ‌ു നായർ, etc) സാമ്പത്തികമായി പിന്നോക്കം നിൽക്ക‌ുന്നവർക്കായി 10 ശതമാനം ഒഴിവ‌ുകൾ മാറ്റി വയ്‌ക്ക‌ുന്നതാണ് പ്രധാന ഭേദഗതി. 

പൊത‌ു വിഭാഗത്തിനായി (ഓപ്പൺ കോമ്പറ്റീഷൻ - ഒ.സി / ജനറൽ) മാറ്റി വയ്‌ക്ക‌ുന്ന 50 ശതമാനത്തിൽ നിന്നാണ് ഈ 10 ശതമാനത്തിനായ‌ുള്ള ഒഴിവ‌ുകൾ കണ്ടെത്ത‌ുന്നത്.  ഇതോടെ പൊത‌ു വിഭാഗത്തില‌ുള്ള ഒഴിവ‌ുകൾ 40 ശതമാനമായി ക‌ുറയ‌ും.

ഈ 40 ശതമാനത്തിലേക്ക് റാങ്കിന്റെ ക്രമമന‌ുസരിച്ച് എല്ലാ വിധ അപേക്ഷകരേയ‌ും അതായത് സംവരണമില്ലാത്തവരെയ‌ും സമ‌ുദായ സംവരണക്കാരേയ‌ും പരിഗണിക്ക‌ും.

എന്നാൽ സാമ്പത്തിക സംവരണത്തിനായി മാറ്റി വയ്‌ക്ക‌ുന്ന 10 ശതമാനം ഒഴിവിലേക്ക് സാമ്പത്തികമായി പിന്നോക്കാവസ്ഥയില‌ുള്ള മ‌ുന്നോക്കക്കാരെ മാത്രമേ പരിഗണിക്ക‌ൂ.

ഈ നിയമഭേദഗതിയോട‌ു ക‌ൂടി മൊത്തം സംവരണ നിയമനം  50 ൽ നിന്ന് 60 ശതമാനമായി ഉയർന്ന‌ു.  

40 ശതമാനം ഒ.ബി.സി., എട്ട‌ു ശതമാനം പട്ടികജാതി, രണ്ട‌ു ശതമാനം പട്ടിക വർഗ്ഗം എന്നിങ്ങനെയാണ് നിലവിൽ സമ‌ുദായ സംവരണത്തിന്റെ തോത്. പക‌ുതിയിലേറെ നിയമനം സംവരണത്തിനായി പരിഗണിക്കര‌ുതെന്ന വ്യവസ്ഥയ‌ുള്ളതിനാലാണ് സാമ്പത്തിക സംവരണം പൊത‌ുവിഭാഗത്തില‌ുൾപ്പെട‌ുത്തി ക്രമീകരിച്ചിരിക്ക‌ുന്നത്.

2019 ജന‌ുവരിയിലാണ് കേന്ദ്രസർക്കാർ സാമ്പത്തിക സംവരണം നടപ്പാക്കി ഉത്തരവിറക്കിയത്. അതിന് മ‌ുൻപ് തന്നെ കേരള സർക്കാർ മന്ത്രിസഭായോഗം സാമ്പത്തിക സംവരണത്തിന് അന‌ുമതി നൽ‌കിയിര‌ുന്ന‌ു. 2020 ജന‌ുവരി മ‌ൂന്നിന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വക‌ുപ്പ് സാമ്പത്തിക സംവരണത്തിന‌ുള്ള വ്യവസ്ഥകൾ അംഗീകരിച്ച് ഉത്തരവിറക്കി. അതിന്റെ ത‌ുടർച്ചയായിട്ടാണ് കെ.എസ്.ആൻഡ് എസ്.എസ്.ആർ. ഭേദഗതി വിജ്ഞാപനം സർക്കാർ പ്രസിദ്ധീ‍കരിച്ചത്.


വര‌ുമാന പരിധി 

ക‌ുട‌ുംബ വാർഷിക വര‌ുമാനം നാല‌ു ലക്ഷം ര‌ൂപയോ അതിൽ താഴെയ‌ുള്ളവരോ ആണ് സാമ്പത്തിക സംവരണത്തിന് അർഹരായവർ.

പഞ്ചായത്തിൽ 2.5 ഏക്കറിൽ അധികവ‌ും മ‌ുനിസിപ്പാലിറ്റിയിൽ 75 സെന്റിലധികവ‌ും കോർപ്പറേഷനിൽ 50 സെന്റിലധികവ‌ും ഭ‌ൂമിയ‌ുണ്ടാകര‌ുത്.

മ‌ുനിസിപ്പൽ പ്രദേശത്ത് 20 സെന്റിലധികം വര‌ുന്ന ഹൌസ്‌പ്ലോട്ട് ഉള്ളവര‌ും കോർപ്പറേഷൻ പ്രദേശത്ത് 15 സെന്റിലധികം വര‌ുന്ന ഹൌസ്‌പ്ലോട്ട് ഉള്ളവര‌ും സംവരണപരിധിയിൽ വരില്ല.

അന്ത്യോദയ, അന്നയോജന റേഷൻ കാർഡ‌ുടമകള‌ും റേഷൻ മ‌ുൻ‌ഗണനാ വിഭാഗക്കാര‌ും മറ്റ് രേഖകൾ പരിഗണിക്കാതെ തന്നെ സാമ്പത്തിക സംവരണത്തിന് അർഹരാണ്. ഇത്തരം കാർഡില‌ുൾപ്പെട്ടവർ വില്ലേജ് ഓഫീസർ നൽ‌ക‌ുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംവരണത്തിനായ‌ുള്ള വര‌ുമാന സർട്ടിഫിക്കറ്റ് നൽ‌കേണ്ടത് വില്ലേജ് ഓഫീസറാണ്.

സാമ്പത്തിക സംവരണത്തിനായി അപേക്ഷകർ ഹാജരാക്ക‌ുന്ന രേഖയാണ് ആധാരമാക്ക‌ുന്നത്‌. ഇത് വ്യാജമാണെന്നോ തെറ്റായ വിവരം ഉൾക്കൊള്ള‌ുന്നതാണെന്നോ ബോധ്യപ്പെട്ടാൽ ജോലിയിൽ നിന്ന് ഒഴിവാക്ക‌ുകയ‌ും ക്രിമിനൽ നടപടികൾ സ്വീകരിക്ക‌ുകയ‌ും ചെയ്യ‌ും.

സംസ്ഥാന സർവീ‍സില‌ും സംസ്ഥാന സർക്കാരിന് ഭ‌ൂരിപക്ഷം ഓഹരിയ‌ുള്ള പൊത‌ുമേഖലാ സ്ഥാപനങ്ങളില‌ും സാമ്പത്തിക സംവരണം അന‌ുവദിക്ക‌ും.

ന്യ‌ൂനപക്ഷ സ്ഥാപനങ്ങളൊഴികെ സംസ്ഥാ‍നത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളില‌ും സാമ്പത്തിക സംവരണം അന‌ുവദിക്ക‌ും.

ഓരോ മ‌ൂന്ന് വർഷം ക‌ൂട‌ുമ്പോഴ‌ും സാമ്പത്തിക സംവരണ മാനദണ്ഡങ്ങൾ സർക്കാർ അവലോകനം ചെയ്യ‌ും.