കൺഫർമേഷനു ശേഷവും പി എസ് സി പരീക്ഷ എഴുതാതിരിക്കുന്ന
ഉദ്യോഗാർത്ഥികളുടെ പ്രൊഫൈൽ ബ്ലോക്ക് ചെയ്യാൻ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നടപടി
ആരംഭിച്ചു.
പി എസ് സി പ്രൊഫൈലിൽ പരീക്ഷ എഴുതുമെന്ന് ഉറപ്പ് നൽകുന്ന
കൺഫർമേഷൻ നൽകിയ ശേഷവും ആയിരക്കണക്കിന് വിദ്യാർത്ഥികൾ പരീക്ഷ എഴുതാതിരിക്കുന്നത്
വൻ സാമ്പത്തിക നഷ്‌ടമാണ് പി എസ് സി ക്ക് ഉണ്ടാക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു
നടപടിക്ക് പി എസ് സി മുതിരുന്നത്.
ചോദ്യപേപ്പർ, ഉത്തരക്കടലാസ്, പരീക്ഷാ കേന്ദ്രം തയ്യാറാക്കൽ
തുടങ്ങിയവയ്‌ക്കായി ഒരു ഉദ്യോഗാർത്ഥിക്ക് മാത്രം നൂറ് രൂപയിലധികം പി എസ് സിക്ക്
ചിലവ് വരുന്നുണ്ട്. അപേക്ഷകർ പരീക്ഷ എഴുതാതെ വരുമ്പോൾ ചിലവായ തുക വ്യഥാവിലാവുകയാണ്
നിലവിൽ. ഈ സാഹചര്യം ഇല്ലാതാക്കാനാണ് കണഫർമേഷൻ സംവിധാനം തുടങ്ങിയത്. കൺഫർമേഷൻ സംവിധാനവും
പ്രയോജനപ്പെടാതായപ്പോഴാണ് പ്രൊഫൈൽ ബ്ലോക്ക് ചെയ്യുന്ന നടപടിയിലേക്ക് പി എസ് സി കടക്കുന്നത്.
ആരോഗ്യപ്രശ്‌നങ്ങൾ അടക്കം പരീക്ഷ എഴുതാതിരുന്നതിന് വ്യക്തമായ
കാരണങ്ങളുള്ളവരെ നടപടിയിൽ നിന്ന് ഒഴിവാക്കും. ഇത്തരം ഉദ്യോഗാർത്ഥികൾ പരീക്ഷ കഴിഞ്ഞ്
ഉടനെ തന്നെ നിശ്‌ചിത രേഖകൾ സഹിതം പി എസ് സി പരീക്ഷാ കൺട്രോളർക്ക് അപേക്ഷ നൽകണം.
പ്രൊഫൈലിൽ
വിദ്യാഭ്യാസം, പ്രവർത്തിപരിചയം, ജോലി എന്നിവ തെറ്റായി രേഖപ്പെടുത്തിയവർക്കെതിരെയും
നടപടി ഉണ്ടാകും.