കേരള അഡ്‌മിനിസ്ട്രേറ്റീവ് പരീക്ഷയ്‌ക്കുള്ള പരീക്ഷ ഫെബ്രുവരി
22 ന് നടക്കും. രാവിലെയും ഉച്ചയ്‌ക്കുമായി രണ്ട് പരീക്ഷകളാണ് പി.എസ്.സി നടത്തുന്നത്.
ആദ്യമായിട്ടാണ് പി.എസ്.സി ഇത്തരത്തിൽ വലിയ പരീക്ഷ സംഘടിപ്പിക്കുന്നത്.
100 വീതം ചോദ്യങ്ങളുള്ള പരീക്ഷയ്‌ക്ക് 90 മിനിറ്റാണ് സമയ
ദൈർഘ്യം. സാധാരണ പി.എസ്.സി പരീക്ഷയ്‌ക്കുള്ളത് പോലെ കെ.എ.എസ് പരീക്ഷയ്‌ക്കും നെഗറ്റീവ്
മാർക്ക് ഉണ്ട്.
പി.എസ്.സി വെബ്സൈറ്റിൽ കൺഫർമേഷൻ നൽകിയവർക്ക് ഫെബ്രുവരി
ആദ്യവാരം മുതൽ ഹാൾടിക്കറ്റ് ഡൌൺലോഡ് ചെയ്യാം.
കൺഫർമേഷൻ നൽകിയവർ രാവിലെയും ഉച്ചയ്‌ക്കും നടക്കുന്ന
പരീക്ഷകളിൽ രണ്ടിലും നിർബന്ധമായും ഹാജരാകണം. ഏതെങ്കിലും ഒരു പരീക്ഷ എഴുതാതിരുന്നാൽ
പരീക്ഷ മൊത്തത്തിൽ ഹാജരാകാതിരുന്നതായി കണക്കാക്കും.
വ്യക്തമായ കാരണമില്ലാതെ ഹാജരാകാതിരിക്കുന്നവർ പി.എസ്.സി.
പ്രൊഫൈൽ ബ്ളോക്ക് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾക്ക് വിധേയരാകേണ്ടി വരും.
ഫെബ്രുവരി 22 ന് രാവിലെ 10 മുതൽ ഉച്ചയ്‌ക്ക് 12 വരെയാണ്
ആദ്യപേപ്പറിന്റെ പരീക്ഷാ സമയം. ഉച്ചയ്‌ക്ക് 1.30 മുതൽ 3.30 വരെ രണ്ടാം പേപ്പർ പരീക്ഷ
നടക്കും.
രാവിലെ 9.45 നു ശേഷവും ഉച്ചയ്‌ക്ക് 1.15 നു ശേഷവും
മാത്രമേ ഉദ്യോഗാർത്ഥികളെ പരീക്ഷാ കേന്ദ്രത്തിനുള്ളിൽ പ്രവേശിപ്പിക്കുകയുള്ളൂ. രാവിലെ
10 മണിക്ക് ശേഷവും ഉച്ചയ്‌ക്ക് 1.30 ന് ശേഷവും എത്തുന്നവരെ പരീക്ഷയെഴുതുവാൻ അനുവദിക്കില്ല.
തിരിച്ചറിയൽ
രേഖ, അഡ്‌മിഷൻ ടിക്കറ്റ്, കറുപ്പ്/ നീല ബോൾ പോയിന്റെ പെൻ എന്നിവ മാത്രമേ ഹാളിൽ അനുവദിക്കുകയുള്ളൂ. വാച്ച്, ഹെൽത്ത് ബാൻഡ്, മൊബൈൽ ഫോൺ, പഴ്‌സ്, വള, മോതിരം, മാല എന്നിവ
പരീക്ഷാ കേന്ദ്രത്തിനകത്ത് പ്രവേശിപ്പിക്കരുത്. ഇവ സൂക്ഷിക്കാൻ റൂം സൌകര്യം ഉണ്ടാകും.